
ബെംഗളുരു: പിന്നോക്ക വിഭാഗ- ദളിത്-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ ഒരു സുപ്രധാന സമ്മേളനം ബംഗളുരുവിൽ നടന്നിരുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കപ്പെട്ടത് ഈ സമ്മേളനത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും സ്വാധീനവും ചോർന്നുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഡി കെയെയും ഹൈക്കമാണ്ടിനെയും ഓർമ്മിപ്പിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ അനുയായികളായിരുന്നു സമ്മേളനത്തിന് പിന്നിൽ. എന്നാൽ ദളിത് നേതാവായ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ആ പരിപാടിയ്ക്ക് എത്തിയിരുന്നില്ല. അഹിന്ദയിൽ സിദ്ധരാമയ്യയ്‌ക്ക് തൊട്ടുതാഴെയുള്ള നേതാവാണ് ജാർക്കിഹോളി. 2028 ൽ മുഖ്യമന്ത്രിയാകാൻ വേണ്ടി കരുനീക്കം നടത്തുന്ന പ്രമുഖൻ. സിദ്ധരാമയ്യയുമായി അദ്ദേഹത്തിന് ഇരുപത് വർഷത്തെ സൗഹൃദമുണ്ട്.
ബെളഗാവിക്കാരനായ ജാർക്കിഹോളിയെ സംസ്ഥാന നേതാവായി വളർത്തിക്കൊണ്ടുവന്നത് സിദ്ധരാമയ്യയാണ്. എന്നാൽ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം എന്തോ കാരണത്താൽ ജാർക്കിഹോളിയുമായി സിദ്ധരാമയ്യ നല്ല രസത്തിലല്ല. അവർക്കിടയിൽ ഒരു വിള്ളലുണ്ടായിട്ടുണ്ട്. അഹിന്ദ സമ്മേളനത്തിൽ ജാർക്കിഹോളിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മേളനത്തിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അഹിന്ദ ക്ഷീണിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസ്സ് ഗവണ്മെന്റിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ജാർക്കിഹോളി പ്രതികരിച്ചത് ചർച്ച വ്യാപകമാകാൻ കാരണമായി. അത് പിന്നോക്കാവിഭാഗത്തിന്റെ മാത്രം സമ്മേളനമായിരുന്നെന്നും അതുകൊണ്ടാണ് ജാർക്കിഹോളിയെ ക്ഷണിക്കാതിരുന്നതെന്നും വ്യക്തമാക്കി കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വര രംഗത്തെത്തി.
ഡി കെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിപദം ആഗ്രഹിച്ച നേതാവാണ് ജാർക്കിഹോളി. സിദ്ധരാമയ്യയുടെ നിലപാട് കാരണമാണ് ആ സ്ഥാനം അദ്ദേഹത്തിന് കിട്ടാതെ പോയതത്രെ. മുഖ്യമന്ത്രി ഡി കെ യെ മുൾമുനയിൽ നിർത്താനാണ് സിദ്ധരാമയ്യ അഹിന്ദ പുനരുജ്ജീവിപ്പിച്ചതെന്ന് കരുതുന്നവരുണ്ട്. കോടതിയുടെ തടസ്സം നീക്കി ജാതി സെൻസസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് സിദ്ധരാമയ്യ മുഖ്യമന്ത്രി ഡി കെ യോട് ആവശ്യപ്പെട്ടത് ഈ സമ്മേളനത്തിലാണ്. ജാർക്കിഹോളിയാണ് അഹിന്ദ യിൽ സിദ്ധരാമയ്യയുടെ പിൻഗാമിയെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള മകനും മന്ത്രിയുമായ യതീന്ദ്ര ഇപ്പോൾ മൗനം പാലിക്കുകയാണ്. സിദ്ധരാമയ്യയും പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.










